സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനാണ് ‘ഹോമി’ലെ നായകനായ ഒലിവർ ട്വിസ്റ്റ്. തന്റെ പ്രായമായ അച്ഛനും ഭാര്യ കുട്ടിയമ്മയ്ക്കും മക്കളായ ആന്റണിയ്ക്കും ചാൾസിനുമൊപ്പമാണ് അയാളുടെ ജീവിതം. ആ വീടും കുട്ടിക്കാലം മുതൽ കൂടെയുള്ള തന്റെ ചങ്ങാതി സൂര്യനും മാത്രമാണ് അയാളുടെ ലോകം. ഇംഗ്ലീഷ് ക്ലാസിക് സാഹിത്യങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്ന എഴുത്തുകാരുടെ ടൈപ്പിസ്റ്റായി ജോലി ചെയ്ത ഒരു അപ്പന്റെ മകനാണ് ഒലിവർ. താൻ വായിച്ച പുസ്തകങ്ങളിൽ നിന്നും അയാൾക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ പേരുകൾ അയാൾ മക്കൾക്ക് നൽകി. അച്ഛന്റെ ഭൂതകാലത്തെ ഓർമ്മപ്പെടുത്തുന്ന ആ പേരല്ലാതെ, യാതൊരുവിധ അസാധാരണത്വവും ഒലിവർ ട്വിസ്റ്റ് എന്ന മനുഷ്യനില്ല.തന്റെ മക്കളോട് സംസാരിക്കാനായി ആ അച്ഛനൊരുപാട് വിശേഷങ്ങളുണ്ട്. പക്ഷേ ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണുകളുടെയും ലോകത്ത് ജീവിക്കുന്ന മക്കളെ സംബന്ധിച്ച് പഴഞ്ചൻ തലമുറയുടെ ഒരു പ്രതിനിധി മാത്രമാണ് അയാൾ. മക്കളുടെ ലോകത്തേക്കോ അവരുടെ ഇഷ്ടങ്ങളിലേക്കോ പുത്തൻ ടെക്നോളജിയുടെ ലോകത്തേക്കോ കടന്നു ചെല്ലാനാവാതെ ഉഴലുകയാണ് ഒലിവർ എന്ന അച്ഛൻ.
ഇന്ദ്രൻസിലെ നടന്റെ ഇന്ദ്രജാലപ്രകടനമാണ് ഹോമിൽ കാണാനാവുക. മക്കളിൽ നിന്നും വേണ്ടത്ര സ്നേഹമോ ആദരവോ പരിഗണനയോ കിട്ടാതെ, അവഗണനകളേറ്റുവാങ്ങുന്ന ഒലിവർ ട്വിസ്റ്റ് എന്ന അച്ഛനെ തികഞ്ഞ കയ്യടക്കത്തോടെയും അങ്ങേയറ്റം ഹൃദയസ്പർശിയായും അവതരിപ്പിച്ചിരിക്കുകയാണ് ഇന്ദ്രൻസ്. ഒലിവറിന്റെ ചെറുമൗനങ്ങളും കണ്ണിലെ നിസ്സഹായതയുമെല്ലാം പ്രേക്ഷകന്റെ ഉള്ളുതൊടുന്ന രീതിയിലാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണു നനയിപ്പിച്ചും പ്രേക്ഷകർക്കൊപ്പം നടക്കുകയാണ് ഇന്ദ്രൻസിന്റെ ഒലിവർ ട്വിസ്റ്റ്. ഒരു നിറകൺചിരിയോടെയല്ലാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല.

No comments:
Post a Comment