Sunday, 7 November 2021

യാത്രയും ഭക്ഷണവും ഓർമ്മകളും

യാത്രയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും ഒരുമിച്ചു എഴുതാമെന്ന് വിചാരിച്ചു . കാരണം ഈ മൂന്നും  അത്രമേൽ ഇഴ ചേർന്ന് കിടക്കുന്ന കാര്യമാണ് . യാത്ര ചെയ്യുമ്പോളാണ് നമ്മൾ വിവിധ ദേശങ്ങളിലെ രുചികൾ സംസ്കാരങ്ങൾ എല്ലാം അറിയുവാൻ കഴിയുക . യാത്രക്കിടയിൽ നല്ല ഭക്ഷണം കിട്ടിയില്ലെങ്കിലോ പിന്നെ എങ്ങനെയെങ്കിലും വീടെത്തി കിട്ടിയാൽ മതിയെന്നാകും . ഓരോ യാത്രകളും ഓരോ ഓർമ്മകളാണ് . ഓരോ യാത്രകളും നമുക്ക് ഓരോ രുചികളും സമ്മാനിച്ചട്ടുണ്ടാകും . രണ്ട് വർഷം മുൻപ് ഞാനും ഭാര്യയും കൂടി ഒത്തിരി ഓർമ്മകൾ എനിക്ക് സമ്മാനിച്ചട്ടുള്ള ഡൽഹിയിലേക്ക് വിമാനത്തിൽ ഒരു യാത്ര പോയി . അഞ്ചു ദിവസത്തെ യാത്ര . ഡൽഹിയുടെ ഒരു പ്രത്യേകത എന്താണെന്നുവെച്ചാൽ ഒരു തവണ പോയാൽ വീണ്ടും നമുക്ക് പോകാൻ തോന്നും . അല്ലെങ്കിൽ ഡൽഹി നമ്മളെ അവിടെ എത്തിക്കും . വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു സ്ഥലം . ഞങ്ങളുടെ പോസ്റ്റ് വെഡിങ് ഷൂട്ട് ഡൽഹിയിൽ വെച്ചാണ് നടത്തിയത് . അങ്ങനെ പ്ലാൻ ചെയ്ത് നടത്തിയതൊന്നുമല്ല . കാരണം കല്യാണം കഴിഞ്ഞു രണ്ട് വർഷത്തിനുശേഷമാണ് ഈ യാത്ര പോയിട്ടുള്ളത് . ഞങ്ങളുടെ മൊബൈൽ ക്യാമറയിൽ അപരിചിതരായ നല്ല മനുഷ്യരാണ് ഫോട്ടോസും വീഡിയോസും എടുത്തു തന്നത് . ഡൽഹിയിലെ കേരളാ ഹൗസിൽ നിന്നും രാത്രി കഴിച്ച കഞ്ഞിയും കറികളും എന്നും നല്ല നല്ല രുചിയുള്ള ഓർമകളാണ് . ഡൽഹിയിലെ  കറക്കത്തിനുശേഷം ഞങ്ങൾ ആഗ്രയിലുള്ള താജ്മഹൽ കാണാൻ പോയി . താജ്മഹലിനോട്   ചേർന്നുള്ള ചെറിയ മാർക്കറ്റിൽ ഞങ്ങൾക്ക് ലഭിച്ച സ്‌പെഷൽ മീൻ കറിയും പച്ച കളറിൽ ഫ്രൈ ചെയ്ത മീനും ഇന്നും അതേക്കുറിച്ചു ആലോചിക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് . റാഡിസൺ ബ്ലൂ ഹോട്ടലിനോട് ചേർന്ന് നടത്തുന്ന ഒരു പാനി പൂരി തട്ട് കടയുണ്ട് . അവിടെ നിന്ന് കഴിച്ച വിവിധ തരം ഡിഷസ് കഴിക്കാൻ ഈ കോവിഡ് കാലം കഴിഞ്ഞാൽ ഒന്നുകൂടി പോകണമെന്ന് ആഗ്രഹിക്കുന്നു . രാഷ്‌ട്രപതി ഭവൻ , ഇന്ത്യാ ഗേറ്റ്‌ , താജ്മഹൽ എന്നിവിടങ്ങളിൽ ഞങ്ങൾ വിവാഹം കഴിഞ്ഞു രണ്ടു വർഷത്തിനുശേഷം വീണ്ടും വിവാഹ ഡ്രെസ്സിൽ ഒന്നിച്ചു നടന്നതും ഫോട്ടസെടുത്തതും , ഞങ്ങളുടെ വിവാഹം ജസ്റ്റ് കഴിഞ്ഞതെയുള്ളൂ എന്ന് കരുതി കുറെ വിദേശികൾ അടുത്തുവന്ന് ഞങ്ങളെ വിഷ് ചെയ്തതും ഞങ്ങളുടെ കൂടെ നിന്ന് അവരുടെ ക്യാമറയിൽ  ഫോട്ടോ എടുത്തതും എല്ലാ മധുരമുള്ള ഓർമ്മകളാണ് . 

അന്നത്തെ യാത്രയുടെ വീഡിയോ ലിങ്ക് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു . എവിടെയൊക്കെ യാത്ര ചെയ്താലും എന്തൊക്കെ കഴിച്ചാലും തിരിച്ചു വീട്ടിലെത്തി കൈലി മുണ്ടും എടുത്തു അമ്മ വെച്ച് തന്ന ചോറും കറിയും കൂട്ടി കിടക്കുമ്പോൾ  കിട്ടുന്ന ആ സുഖമുണ്ടല്ലോ അതാണ് ഏറ്റവും വലിയ സുഖം എന്നുകൂടി ഓർമ്മപെടുത്താറുണ്ട് ഓരോ യാത്രകളും .

https://www.facebook.com/569832988/videos/10157050792577989/











വള പ്രയോഗം തുടങ്ങാനിരിക്കെ മഴ

മുല്ലശ്ശേരി :ശമിക്കാത്ത മഴയിൽ കൃഷിനാശം കൂടുന്നു .പേനകം കിഴക്കേപ്പുറം കോൾപ്പടവ് , പാടുവായ് പടവ് ,അന്നകര വടക്ക് കോൾപടവ് എന്നിവിടങ്ങളിലെ കൃഷി നശിച്ചു .പേനകം പടവിൽ ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത് . പത്തു ദിവസം മുൻപാണ് നടീൽ കഴിഞ്ഞത് . വളപ്രയോഗം ആരംഭിക്കാനിരിക്കെയാണ് മഴയെത്തിയത് . ഒരാഴ്ചയായിട്ടും പാടശേഖരത്തിൽനിന്ന് വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല . പാടശേഖരത്തിൽ നിന്ന് വെള്ളം വറ്റിയാൽ തന്നെ മട്ട് കയറി ഞാറ് കിളിർക്കാൻ സാധ്യതയില്ലെന്ന് കർഷകർ പറഞ്ഞു . ഏക്കറിന് 2000 രൂപയോളം നഷ്ട്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു .



അമൃതിൽ തകർന്ന റോഡ് ഉടൻ നന്നാക്കും

 പാവറട്ടി :കാഞ്ഞാണി- ചാവക്കാട് റോഡിന്റെ പഞ്ചാരമുക്ക് വരെയുള്ള ഭാഗം  നവംബർ പതിനഞ്ചിനുള്ളിൽ അറ്റകുറ്റപണികൾ തീർക്കാൻ നടപടി. മുരളി പെരുന്നെല്ലി എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം . അറ്റകുറ്റപണികൾ അടിയന്തിരമായി തീർക്കുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് . അമൃത് കുടിവെള്ളപദ്ധതിക്ക് പൈപ്പ് ഇടുന്നതിനായി പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കിയതിനുശേഷം മാത്രം ബാക്കിയുള്ളത് പൊളിച്ചാൽ മതിയെന്ന് എം.എൽ.എ . കർശന നിർദേശം നൽകി.





വെള്ളക്കെട്ടിൽ തകർന്നടിഞ്ഞ് നെൽപ്പാടങ്ങൾ

 പെരുവല്ലൂർ : പേനകം കിഴക്ക് കോൾപ്പടവിലെ ബണ്ടുകളും തോട്ടുവരമ്പുകളും പൊട്ടിച്ചതോടെ ആശങ്ക വിട്ടുമാറാതെ കർഷകർ . മഴയിൽ വെള്ളംകയറി  150 ഏക്കറിലെ കൃഷിയാണ് .നശിച്ചത് . വീണ്ടും കൃഷിയിറക്കണമെങ്കിൽ പൊട്ടിച്ച ബണ്ടുകളും വരമ്പുകളും നന്നാക്കേണ്ടി വരും. പക്ഷേ വീണ്ടും വെള്ളക്കെട്ട് ഉണ്ടായാൽ കൃഷിയിറക്കിയ പാടശേഖരത്തിലേക്ക് വെള്ളം ഒഴുക്കിവിടുമോ എന്ന ആശങ്കയിലാണ് കർഷകർ . കൃഷി വകുപ്പ് അധികൃതർ  ഈ വിഷയത്തിൽ ഇടപെട്ട് ശാശ്വതപരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു . എന്നാൽ മഴയിൽ അന്നകര - കോക്കൂർ മേഖലയിലെ വീടുകളിൽ വെള്ളം കയറിയിരുന്നുവെന്നും വെള്ളം ഒഴിഞ്ഞുപോകാൻ വേണ്ടിയുമാണ് പാടശേഖരത്തിനോട് ചേർന്നുള്ള മണൽചാക്കുകൾ നീക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ പറഞ്ഞു 



നാലാഞ്ചിറ - ഉദിയന്നൂർ ടെമ്പിൾ റോഡ് തകർന്നു

നാലാഞ്ചിറ: ഏകദേശം 4 മാസം മുൻപേ പണിതീർത്ത ഒരു റോഡിന്റെ ഇന്നത്തെ അവസ്ഥയാണിത് .. ഒന്നൊന്നരവർഷം മൊത്തമായി പൊളിഞ്ഞു കിടന്ന ഈ റോഡ് ഇപ്പോൾ ടാർ ചെയ്തതിന് ശേഷവും പിന്നെയും പഴയ അവസ്ഥയിലേക്ക് തന്നെയാണ് പോകുന്നത്. വെള്ളക്കെട്ട് ഉള്ള റോഡിലെ ഈ  കുഴി പണികഴിഞ്ഞ് വെറും രണ്ടു മാസത്തിനകം ഉണ്ടായത് ആണ് എന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം. പല സ്ഥലത്തും  ടാർ ഇളകി തുടങ്ങുകയും ചെയ്തിരിക്കുന്നു . ഈ പോക്ക് ആണേൽ മിക്കവാറും റോഡിനും നാട്ടുകാർക്കും പഴയ ഗതി തന്നെയാകും . റോഡ് പണി ചെയ്യുന്ന കോൺട്രാക്ടർ പണി കഴിഞ്ഞ് മിനിമം 6 മാസകാലത്തേക്കെങ്കിലും  പണിത റോഡിന്റെ കേടുപാടുകൾ തീർക്കണം എന്നൊരു വ്യവസ്ഥ വന്നാൽ ഒരുപക്ഷേ പല റോഡുകളും പൊളിയാതെ കുറച്ച് നാൾ എങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദമാകും .



രണ്ടാമൂഴം

 പുസ്തകത്തിലെ കഥാപാത്രങ്ങളിൽ ചിലരോട് ഇഷ്ട്ടം    തോന്നുന്നത്  സാധാരണമാണ് . ഇവിടെ  എനിക്ക് ഈ ബൂക്കിലൂടെ പോയപ്പോൾ  ഭീമൻ എന്ന കഥാപാത്രത്തോട് ഇഷ്ടത്തിൽ കവിഞ്ഞ ഒരു ഫീൽ ആണ് തോന്നിയത്. ദൈവികപരിവേഷത്തിൽ മാത്രം കേട്ടിട്ടുള്ള  കഥകൾ മാനുഷിക തലത്തിൽ വായിക്കാൻ പറ്റുന്നു. പ്രണയം,  കാമം, ചതി, യുദ്ധം,  കണ്ണീർ, വീരം, ഹൃദയവ്യഥ,  സ്വാർത്ഥത എന്ന് വേണ്ട മനുഷ്യ വർഗ്ഗത്തിന്റെ എല്ലാ ഇമോഷൻസും  പകർന്നാടിയ നോവൽ. പഞ്ചപാണ്ഡവരിൽ ദ്രൗപതിക്ക് ഏറ്റവും ഫേവർ   അല്ലെങ്കിൽ പരിഗണന കൊടുത്ത പാതി.. പ്രണയാതുരനായ ഭീമന്റെ സാമീപ്യത്തിലും  മനസിൽ അർജുനനെ മാത്രം  താലോലിക്കുന്ന ദ്രൗപതി.  എല്ലാ നിയമങ്ങളും മാറ്റി നിർത്തി ദ്രൗപതിയുടെ വീഴ്ച കണ്ട് ഓടി വന്നു താങ്ങി എടുക്കുന്ന  ഭീമൻ,  ആ കാഴ്ച വളരെ ഇഷ്ടത്തോടെ വായിച്ചു. അർഹിക്കുന്ന സ്ഥാനങ്ങൾ വേണ്ടെന്ന്  വച്ചുള്ള ആ മന്ദഹാസത്തോടെ ഉള്ള നടപ്പ്.. എല്ലാം ഗംഭീരം.. 



അടുത്തകാലത്തിറങ്ങിയ മികച്ച ചിത്രം 'ഹോം' . ഇന്ദ്രൻസിനെ രാജ്യം പത്‌മശ്രീ നൽകി ആദരിക്കണം

 സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനാണ് ‘ഹോമി’ലെ നായകനായ ഒലിവർ ട്വിസ്റ്റ്. തന്റെ പ്രായമായ അച്ഛനും ഭാര്യ കുട്ടിയമ്മയ്ക്കും മക്കളായ ആന്റണിയ്ക്കും ചാൾസിനുമൊപ്പമാണ് അയാളുടെ ജീവിതം. ആ വീടും കുട്ടിക്കാലം മുതൽ കൂടെയുള്ള തന്റെ ചങ്ങാതി സൂര്യനും മാത്രമാണ് അയാളുടെ ലോകം. ഇംഗ്ലീഷ് ക്ലാസിക് സാഹിത്യങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്ന എഴുത്തുകാരുടെ ടൈപ്പിസ്റ്റായി ജോലി ചെയ്ത ഒരു അപ്പന്റെ മകനാണ് ഒലിവർ. താൻ വായിച്ച പുസ്തകങ്ങളിൽ നിന്നും അയാൾക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ പേരുകൾ അയാൾ മക്കൾക്ക് നൽകി. അച്ഛന്റെ ഭൂതകാലത്തെ ഓർമ്മപ്പെടുത്തുന്ന ആ പേരല്ലാതെ, യാതൊരുവിധ അസാധാരണത്വവും ഒലിവർ ട്വിസ്റ്റ് എന്ന മനുഷ്യനില്ല.തന്റെ മക്കളോട് സംസാരിക്കാനായി ആ അച്ഛനൊരുപാട് വിശേഷങ്ങളുണ്ട്. പക്ഷേ ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണുകളുടെയും ലോകത്ത് ജീവിക്കുന്ന മക്കളെ സംബന്ധിച്ച് പഴഞ്ചൻ തലമുറയുടെ ഒരു പ്രതിനിധി മാത്രമാണ് അയാൾ. മക്കളുടെ ലോകത്തേക്കോ അവരുടെ ഇഷ്ടങ്ങളിലേക്കോ പുത്തൻ ടെക്നോളജിയുടെ ലോകത്തേക്കോ കടന്നു ചെല്ലാനാവാതെ ഉഴലുകയാണ് ഒലിവർ എന്ന അച്ഛൻ.

ഇന്ദ്രൻസിലെ നടന്റെ ഇന്ദ്രജാലപ്രകടനമാണ് ഹോമിൽ കാണാനാവുക. മക്കളിൽ നിന്നും വേണ്ടത്ര സ്നേഹമോ ആദരവോ പരിഗണനയോ കിട്ടാതെ, അവഗണനകളേറ്റുവാങ്ങുന്ന ഒലിവർ ട്വിസ്റ്റ് എന്ന അച്ഛനെ തികഞ്ഞ കയ്യടക്കത്തോടെയും അങ്ങേയറ്റം ഹൃദയസ്പർശിയായും അവതരിപ്പിച്ചിരിക്കുകയാണ് ഇന്ദ്രൻസ്. ഒലിവറിന്റെ ചെറുമൗനങ്ങളും കണ്ണിലെ നിസ്സഹായതയുമെല്ലാം പ്രേക്ഷകന്റെ ഉള്ളുതൊടുന്ന രീതിയിലാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണു നനയിപ്പിച്ചും പ്രേക്ഷകർക്കൊപ്പം നടക്കുകയാണ് ഇന്ദ്രൻസിന്റെ ഒലിവർ ട്വിസ്റ്റ്. ഒരു നിറകൺചിരിയോടെയല്ലാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല.