Sunday, 7 November 2021

യാത്രയും ഭക്ഷണവും ഓർമ്മകളും

യാത്രയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും ഒരുമിച്ചു എഴുതാമെന്ന് വിചാരിച്ചു . കാരണം ഈ മൂന്നും  അത്രമേൽ ഇഴ ചേർന്ന് കിടക്കുന്ന കാര്യമാണ് . യാത്ര ചെയ്യുമ്പോളാണ് നമ്മൾ വിവിധ ദേശങ്ങളിലെ രുചികൾ സംസ്കാരങ്ങൾ എല്ലാം അറിയുവാൻ കഴിയുക . യാത്രക്കിടയിൽ നല്ല ഭക്ഷണം കിട്ടിയില്ലെങ്കിലോ പിന്നെ എങ്ങനെയെങ്കിലും വീടെത്തി കിട്ടിയാൽ മതിയെന്നാകും . ഓരോ യാത്രകളും ഓരോ ഓർമ്മകളാണ് . ഓരോ യാത്രകളും നമുക്ക് ഓരോ രുചികളും സമ്മാനിച്ചട്ടുണ്ടാകും . രണ്ട് വർഷം മുൻപ് ഞാനും ഭാര്യയും കൂടി ഒത്തിരി ഓർമ്മകൾ എനിക്ക് സമ്മാനിച്ചട്ടുള്ള ഡൽഹിയിലേക്ക് വിമാനത്തിൽ ഒരു യാത്ര പോയി . അഞ്ചു ദിവസത്തെ യാത്ര . ഡൽഹിയുടെ ഒരു പ്രത്യേകത എന്താണെന്നുവെച്ചാൽ ഒരു തവണ പോയാൽ വീണ്ടും നമുക്ക് പോകാൻ തോന്നും . അല്ലെങ്കിൽ ഡൽഹി നമ്മളെ അവിടെ എത്തിക്കും . വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു സ്ഥലം . ഞങ്ങളുടെ പോസ്റ്റ് വെഡിങ് ഷൂട്ട് ഡൽഹിയിൽ വെച്ചാണ് നടത്തിയത് . അങ്ങനെ പ്ലാൻ ചെയ്ത് നടത്തിയതൊന്നുമല്ല . കാരണം കല്യാണം കഴിഞ്ഞു രണ്ട് വർഷത്തിനുശേഷമാണ് ഈ യാത്ര പോയിട്ടുള്ളത് . ഞങ്ങളുടെ മൊബൈൽ ക്യാമറയിൽ അപരിചിതരായ നല്ല മനുഷ്യരാണ് ഫോട്ടോസും വീഡിയോസും എടുത്തു തന്നത് . ഡൽഹിയിലെ കേരളാ ഹൗസിൽ നിന്നും രാത്രി കഴിച്ച കഞ്ഞിയും കറികളും എന്നും നല്ല നല്ല രുചിയുള്ള ഓർമകളാണ് . ഡൽഹിയിലെ  കറക്കത്തിനുശേഷം ഞങ്ങൾ ആഗ്രയിലുള്ള താജ്മഹൽ കാണാൻ പോയി . താജ്മഹലിനോട്   ചേർന്നുള്ള ചെറിയ മാർക്കറ്റിൽ ഞങ്ങൾക്ക് ലഭിച്ച സ്‌പെഷൽ മീൻ കറിയും പച്ച കളറിൽ ഫ്രൈ ചെയ്ത മീനും ഇന്നും അതേക്കുറിച്ചു ആലോചിക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് . റാഡിസൺ ബ്ലൂ ഹോട്ടലിനോട് ചേർന്ന് നടത്തുന്ന ഒരു പാനി പൂരി തട്ട് കടയുണ്ട് . അവിടെ നിന്ന് കഴിച്ച വിവിധ തരം ഡിഷസ് കഴിക്കാൻ ഈ കോവിഡ് കാലം കഴിഞ്ഞാൽ ഒന്നുകൂടി പോകണമെന്ന് ആഗ്രഹിക്കുന്നു . രാഷ്‌ട്രപതി ഭവൻ , ഇന്ത്യാ ഗേറ്റ്‌ , താജ്മഹൽ എന്നിവിടങ്ങളിൽ ഞങ്ങൾ വിവാഹം കഴിഞ്ഞു രണ്ടു വർഷത്തിനുശേഷം വീണ്ടും വിവാഹ ഡ്രെസ്സിൽ ഒന്നിച്ചു നടന്നതും ഫോട്ടസെടുത്തതും , ഞങ്ങളുടെ വിവാഹം ജസ്റ്റ് കഴിഞ്ഞതെയുള്ളൂ എന്ന് കരുതി കുറെ വിദേശികൾ അടുത്തുവന്ന് ഞങ്ങളെ വിഷ് ചെയ്തതും ഞങ്ങളുടെ കൂടെ നിന്ന് അവരുടെ ക്യാമറയിൽ  ഫോട്ടോ എടുത്തതും എല്ലാ മധുരമുള്ള ഓർമ്മകളാണ് . 

അന്നത്തെ യാത്രയുടെ വീഡിയോ ലിങ്ക് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു . എവിടെയൊക്കെ യാത്ര ചെയ്താലും എന്തൊക്കെ കഴിച്ചാലും തിരിച്ചു വീട്ടിലെത്തി കൈലി മുണ്ടും എടുത്തു അമ്മ വെച്ച് തന്ന ചോറും കറിയും കൂട്ടി കിടക്കുമ്പോൾ  കിട്ടുന്ന ആ സുഖമുണ്ടല്ലോ അതാണ് ഏറ്റവും വലിയ സുഖം എന്നുകൂടി ഓർമ്മപെടുത്താറുണ്ട് ഓരോ യാത്രകളും .

https://www.facebook.com/569832988/videos/10157050792577989/











വള പ്രയോഗം തുടങ്ങാനിരിക്കെ മഴ

മുല്ലശ്ശേരി :ശമിക്കാത്ത മഴയിൽ കൃഷിനാശം കൂടുന്നു .പേനകം കിഴക്കേപ്പുറം കോൾപ്പടവ് , പാടുവായ് പടവ് ,അന്നകര വടക്ക് കോൾപടവ് എന്നിവിടങ്ങളിലെ കൃഷി നശിച്ചു .പേനകം പടവിൽ ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത് . പത്തു ദിവസം മുൻപാണ് നടീൽ കഴിഞ്ഞത് . വളപ്രയോഗം ആരംഭിക്കാനിരിക്കെയാണ് മഴയെത്തിയത് . ഒരാഴ്ചയായിട്ടും പാടശേഖരത്തിൽനിന്ന് വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല . പാടശേഖരത്തിൽ നിന്ന് വെള്ളം വറ്റിയാൽ തന്നെ മട്ട് കയറി ഞാറ് കിളിർക്കാൻ സാധ്യതയില്ലെന്ന് കർഷകർ പറഞ്ഞു . ഏക്കറിന് 2000 രൂപയോളം നഷ്ട്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു .



അമൃതിൽ തകർന്ന റോഡ് ഉടൻ നന്നാക്കും

 പാവറട്ടി :കാഞ്ഞാണി- ചാവക്കാട് റോഡിന്റെ പഞ്ചാരമുക്ക് വരെയുള്ള ഭാഗം  നവംബർ പതിനഞ്ചിനുള്ളിൽ അറ്റകുറ്റപണികൾ തീർക്കാൻ നടപടി. മുരളി പെരുന്നെല്ലി എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം . അറ്റകുറ്റപണികൾ അടിയന്തിരമായി തീർക്കുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് . അമൃത് കുടിവെള്ളപദ്ധതിക്ക് പൈപ്പ് ഇടുന്നതിനായി പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കിയതിനുശേഷം മാത്രം ബാക്കിയുള്ളത് പൊളിച്ചാൽ മതിയെന്ന് എം.എൽ.എ . കർശന നിർദേശം നൽകി.





വെള്ളക്കെട്ടിൽ തകർന്നടിഞ്ഞ് നെൽപ്പാടങ്ങൾ

 പെരുവല്ലൂർ : പേനകം കിഴക്ക് കോൾപ്പടവിലെ ബണ്ടുകളും തോട്ടുവരമ്പുകളും പൊട്ടിച്ചതോടെ ആശങ്ക വിട്ടുമാറാതെ കർഷകർ . മഴയിൽ വെള്ളംകയറി  150 ഏക്കറിലെ കൃഷിയാണ് .നശിച്ചത് . വീണ്ടും കൃഷിയിറക്കണമെങ്കിൽ പൊട്ടിച്ച ബണ്ടുകളും വരമ്പുകളും നന്നാക്കേണ്ടി വരും. പക്ഷേ വീണ്ടും വെള്ളക്കെട്ട് ഉണ്ടായാൽ കൃഷിയിറക്കിയ പാടശേഖരത്തിലേക്ക് വെള്ളം ഒഴുക്കിവിടുമോ എന്ന ആശങ്കയിലാണ് കർഷകർ . കൃഷി വകുപ്പ് അധികൃതർ  ഈ വിഷയത്തിൽ ഇടപെട്ട് ശാശ്വതപരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു . എന്നാൽ മഴയിൽ അന്നകര - കോക്കൂർ മേഖലയിലെ വീടുകളിൽ വെള്ളം കയറിയിരുന്നുവെന്നും വെള്ളം ഒഴിഞ്ഞുപോകാൻ വേണ്ടിയുമാണ് പാടശേഖരത്തിനോട് ചേർന്നുള്ള മണൽചാക്കുകൾ നീക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ പറഞ്ഞു 



നാലാഞ്ചിറ - ഉദിയന്നൂർ ടെമ്പിൾ റോഡ് തകർന്നു

നാലാഞ്ചിറ: ഏകദേശം 4 മാസം മുൻപേ പണിതീർത്ത ഒരു റോഡിന്റെ ഇന്നത്തെ അവസ്ഥയാണിത് .. ഒന്നൊന്നരവർഷം മൊത്തമായി പൊളിഞ്ഞു കിടന്ന ഈ റോഡ് ഇപ്പോൾ ടാർ ചെയ്തതിന് ശേഷവും പിന്നെയും പഴയ അവസ്ഥയിലേക്ക് തന്നെയാണ് പോകുന്നത്. വെള്ളക്കെട്ട് ഉള്ള റോഡിലെ ഈ  കുഴി പണികഴിഞ്ഞ് വെറും രണ്ടു മാസത്തിനകം ഉണ്ടായത് ആണ് എന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം. പല സ്ഥലത്തും  ടാർ ഇളകി തുടങ്ങുകയും ചെയ്തിരിക്കുന്നു . ഈ പോക്ക് ആണേൽ മിക്കവാറും റോഡിനും നാട്ടുകാർക്കും പഴയ ഗതി തന്നെയാകും . റോഡ് പണി ചെയ്യുന്ന കോൺട്രാക്ടർ പണി കഴിഞ്ഞ് മിനിമം 6 മാസകാലത്തേക്കെങ്കിലും  പണിത റോഡിന്റെ കേടുപാടുകൾ തീർക്കണം എന്നൊരു വ്യവസ്ഥ വന്നാൽ ഒരുപക്ഷേ പല റോഡുകളും പൊളിയാതെ കുറച്ച് നാൾ എങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദമാകും .



രണ്ടാമൂഴം

 പുസ്തകത്തിലെ കഥാപാത്രങ്ങളിൽ ചിലരോട് ഇഷ്ട്ടം    തോന്നുന്നത്  സാധാരണമാണ് . ഇവിടെ  എനിക്ക് ഈ ബൂക്കിലൂടെ പോയപ്പോൾ  ഭീമൻ എന്ന കഥാപാത്രത്തോട് ഇഷ്ടത്തിൽ കവിഞ്ഞ ഒരു ഫീൽ ആണ് തോന്നിയത്. ദൈവികപരിവേഷത്തിൽ മാത്രം കേട്ടിട്ടുള്ള  കഥകൾ മാനുഷിക തലത്തിൽ വായിക്കാൻ പറ്റുന്നു. പ്രണയം,  കാമം, ചതി, യുദ്ധം,  കണ്ണീർ, വീരം, ഹൃദയവ്യഥ,  സ്വാർത്ഥത എന്ന് വേണ്ട മനുഷ്യ വർഗ്ഗത്തിന്റെ എല്ലാ ഇമോഷൻസും  പകർന്നാടിയ നോവൽ. പഞ്ചപാണ്ഡവരിൽ ദ്രൗപതിക്ക് ഏറ്റവും ഫേവർ   അല്ലെങ്കിൽ പരിഗണന കൊടുത്ത പാതി.. പ്രണയാതുരനായ ഭീമന്റെ സാമീപ്യത്തിലും  മനസിൽ അർജുനനെ മാത്രം  താലോലിക്കുന്ന ദ്രൗപതി.  എല്ലാ നിയമങ്ങളും മാറ്റി നിർത്തി ദ്രൗപതിയുടെ വീഴ്ച കണ്ട് ഓടി വന്നു താങ്ങി എടുക്കുന്ന  ഭീമൻ,  ആ കാഴ്ച വളരെ ഇഷ്ടത്തോടെ വായിച്ചു. അർഹിക്കുന്ന സ്ഥാനങ്ങൾ വേണ്ടെന്ന്  വച്ചുള്ള ആ മന്ദഹാസത്തോടെ ഉള്ള നടപ്പ്.. എല്ലാം ഗംഭീരം.. 



അടുത്തകാലത്തിറങ്ങിയ മികച്ച ചിത്രം 'ഹോം' . ഇന്ദ്രൻസിനെ രാജ്യം പത്‌മശ്രീ നൽകി ആദരിക്കണം

 സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനാണ് ‘ഹോമി’ലെ നായകനായ ഒലിവർ ട്വിസ്റ്റ്. തന്റെ പ്രായമായ അച്ഛനും ഭാര്യ കുട്ടിയമ്മയ്ക്കും മക്കളായ ആന്റണിയ്ക്കും ചാൾസിനുമൊപ്പമാണ് അയാളുടെ ജീവിതം. ആ വീടും കുട്ടിക്കാലം മുതൽ കൂടെയുള്ള തന്റെ ചങ്ങാതി സൂര്യനും മാത്രമാണ് അയാളുടെ ലോകം. ഇംഗ്ലീഷ് ക്ലാസിക് സാഹിത്യങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്ന എഴുത്തുകാരുടെ ടൈപ്പിസ്റ്റായി ജോലി ചെയ്ത ഒരു അപ്പന്റെ മകനാണ് ഒലിവർ. താൻ വായിച്ച പുസ്തകങ്ങളിൽ നിന്നും അയാൾക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ പേരുകൾ അയാൾ മക്കൾക്ക് നൽകി. അച്ഛന്റെ ഭൂതകാലത്തെ ഓർമ്മപ്പെടുത്തുന്ന ആ പേരല്ലാതെ, യാതൊരുവിധ അസാധാരണത്വവും ഒലിവർ ട്വിസ്റ്റ് എന്ന മനുഷ്യനില്ല.തന്റെ മക്കളോട് സംസാരിക്കാനായി ആ അച്ഛനൊരുപാട് വിശേഷങ്ങളുണ്ട്. പക്ഷേ ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണുകളുടെയും ലോകത്ത് ജീവിക്കുന്ന മക്കളെ സംബന്ധിച്ച് പഴഞ്ചൻ തലമുറയുടെ ഒരു പ്രതിനിധി മാത്രമാണ് അയാൾ. മക്കളുടെ ലോകത്തേക്കോ അവരുടെ ഇഷ്ടങ്ങളിലേക്കോ പുത്തൻ ടെക്നോളജിയുടെ ലോകത്തേക്കോ കടന്നു ചെല്ലാനാവാതെ ഉഴലുകയാണ് ഒലിവർ എന്ന അച്ഛൻ.

ഇന്ദ്രൻസിലെ നടന്റെ ഇന്ദ്രജാലപ്രകടനമാണ് ഹോമിൽ കാണാനാവുക. മക്കളിൽ നിന്നും വേണ്ടത്ര സ്നേഹമോ ആദരവോ പരിഗണനയോ കിട്ടാതെ, അവഗണനകളേറ്റുവാങ്ങുന്ന ഒലിവർ ട്വിസ്റ്റ് എന്ന അച്ഛനെ തികഞ്ഞ കയ്യടക്കത്തോടെയും അങ്ങേയറ്റം ഹൃദയസ്പർശിയായും അവതരിപ്പിച്ചിരിക്കുകയാണ് ഇന്ദ്രൻസ്. ഒലിവറിന്റെ ചെറുമൗനങ്ങളും കണ്ണിലെ നിസ്സഹായതയുമെല്ലാം പ്രേക്ഷകന്റെ ഉള്ളുതൊടുന്ന രീതിയിലാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണു നനയിപ്പിച്ചും പ്രേക്ഷകർക്കൊപ്പം നടക്കുകയാണ് ഇന്ദ്രൻസിന്റെ ഒലിവർ ട്വിസ്റ്റ്. ഒരു നിറകൺചിരിയോടെയല്ലാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല.




നാട്ടിൽ വെച്ച് വിരമിക്കുവാന്‍ ആഗ്രഹം – ക്രിസ് ഗെയിൽ

സബീന പാര്‍ക്കിൽ തന്റെ നാട്ടിലെ ആരാധകരുടെ മുന്നിൽ വെച്ച് ക്രിസ് ഗെയിലിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം ഉണ്ടാകും. ജമൈക്കയിൽ വെച്ചാകും തന്റെ വിരമിക്കൽ എന്ന് ക്രിസ് ഗെയിൽ വ്യക്തമാക്കുകയായിരുന്നു.ത്സര ശേഷം ഗെയിൽ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും ക്രിക്കറ്റിംഗ് ഗിയര്‍ വിതരണം ചെയ്യുന്നതും കണ്ടുള്ള ചോദ്യത്തിലാണ് താന്‍ സെമി റിട്ടയര്‍ ചെയ്തിട്ടേ ഉള്ളുവെന്ന് ഗെയിൽ വ്യക്തമാക്കിയത്. ബോര്‍ഡ് അംഗങ്ങള്‍ തനിക്ക് ആ ഒരു അവസരം കൂടി തരുമെന്നാണ് കരുതുന്നതെന്നും ക്രിസ് ഗെയിൽ വ്യക്തമാക്കി.



'ഇനിയൊരു ലോകകപ്പിന് ഉണ്ടായേക്കില്ല', ഖത്തര്‍ ലോകകപ്പോടെ വിരമിക്കല്‍ സൂചന നല്‍കി നെയ്മര്‍

റിയോ ഡി ജനീറോ : ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് ബ്രസീലിന്റെ നെയ്മര്‍. ഫുട്‌ബോള്‍ ഇതിഹാസങ്ങളെ നിരവധി സംഭാവന ചെയ്തിട്ടുള്ള ബ്രസീല്‍ ഫുട്‌ബോളില്‍ നിന്ന്  ആരാധക മനസില്‍ കൂടുതല്‍ ഇടം പിടിച്ച താരമാണ് നെയ്മര്‍. 2022ലെ ഖത്തര്‍ ലോകകപ്പിലടക്കം ആരാധകര്‍ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന താരമാണ് അദ്ദേഹം. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍ താരം. വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പോടെ ബൂട്ടഴിച്ചേക്കുമെന്നാണ് അദ്ദേഹം സൂചന നല്‍കിയിരിക്കുന്നത്.നെയ്മര്‍ ആന്റി ദി ലൈഫ് ഓഫ് കിങ്‌സ് എന്ന ഡോക്യുമെന്ററിയിലൂടെ തന്റെ വിരമിക്കലിനെക്കുറിച്ച് നെയ്മര്‍ മനസ് തുറന്നത്.  2026 ലെ  ലോകകപ്പ് കൂടി കളിക്കാനുള്ള മാനസിക കരുത്ത് ഉണ്ടെന്ന് കരുതുന്നില്ലെന്നാണ് നെയ്മര്‍ വെളിപ്പെടുത്തിയത്.




ഫിജികാര്‍ട്ടിന്റെ വസ്ത്രനിര്‍മ്മാണ ഫാക്ടറി തിരുപ്പൂരില്‍ ആരംഭിച്ചു

 തിരുപ്പൂര്‍: ഇന്ത്യയിലെ മുന്‍നിര ഡയറക്ട് സെല്ലിങ് , ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാര്‍ട്ടിന്റെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. നെയ്ത്ത്, പ്രോസസിങ്, ഡൈയിങ് യൂണിറ്റുകളിലായി മുന്നൂറോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് ഫാക്ടറിയുടെ മറ്റൊരു പ്രത്യേകത. 



ഇന്ത്യയിൽ തഴച്ച് വളര്‍ന്ന് ആപ്പിൾ

വരുമാനം ഇരട്ടിയിലേറെയായി ഉയര്‍ന്നു. 2020 ഒക്ടോബർ ഒന്നിനും 2021 സെപ്റ്റംബർ 25 നും ഇടയിലുള്ള കാലയളവിൽ 330 കോടി ഡോളറിൻെറ വരുമാനമാണ് ആപ്പിൾ നേടിയത്. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ആപ്പിളിൻറെ നാലാം പാദ ഫല റിപ്പോർട്ട്  അനുസരിച്ചാണിത്. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലും വിയറ്റ്‌നാമിലും കമ്പനി തങ്ങളുടെ ബിസിനസ് ഇരട്ടിയാക്കി. അതേസമയം ആപ്പിൾ ലക്ഷ്യമിടുന്ന വളര്‍ച്ചയിലേക്ക് ഇത് എത്തിയിട്ടില്ലെന്നാണ് സൂചന. ഈ രംഗത്ത് ആപ്പിളിൻെറ വിപണി വിഹിതം ഒരു ശതമാനത്തിൽ താഴെമാത്രമാണ്.




പണപ്പെരുപ്പവും പലിശ നിരക്കും: രണ്ട് വര്‍ഷം യുകെയില്‍ സ്ഥിതി മോശം; കുടുംബങ്ങളോട് മാപ്പ് ചോദിച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍

അടുത്ത രണ്ട് വര്‍ഷം യുകെയില്‍ പണപ്പെരുപ്പം സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും. പലിശ നിരക്കായും ബില്ലുകളായും വിലക്കയറ്റമായും അത് കുടുംബങ്ങളെ ശ്വാസം മുട്ടിക്കും. ഈ വിന്ററില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍. 2023-ഓടെ പണപ്പെരുപ്പം 2 ശതമാനം കൂടി, കുടുംബങ്ങള്‍ ദുരിതം പേറേണ്ടി വരുമെന്നാണ് മുന്നറിയിപ്പുകള്‍. സ്ഥിതിഗതികളില്‍ ഖേദമുണ്ടെങ്കിലും ഉയര്‍ന്ന എനര്‍ജി വിലയെന്നത് സാധാരണ കാര്യമായി മാറുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയുടെ മുന്നറിയിപ്പ്.


തുന്നിച്ചേർക്കാനാവാതെ ജീവിതം

 പാവറട്ടി : അമ്പതിലധികം ചർക്കയും ഒട്ടേറെ തൊഴിലാളികളും ഉണ്ടായിരുന്ന പൂച്ചക്കുന്ന് ഗാന്ധി സ്മാരകനിധിയിൽ ഇന്ന് വിരലിലെണ്ണാവുന്ന  ജീവനക്കാർ മാത്രമാണ് ജോലി ചെയ്യുന്നത് . ഉള്ളവരാകട്ടെ ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ് . കേരള ഖാദി ഗ്രാമവ്യവസായ അസ്സോസിയേഷന്റെ കീഴിലുള്ളതാണ് ഈ നൂൽനൂൽപ്പ്‌ കേന്ദ്രം . ആറ് തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത് . വേതനക്കുറവും അധ്വാനഭാരവുമാണ് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണം . സുരക്ഷിതമായ കെട്ടിടവും മാന്യമായ വേതനവുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത് .



ചേലൂർ - വാക റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി

എളവള്ളി: ചേലൂർ - വാക റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി തുടങ്ങി .പൊതുമരാമത്തുവകുപ്പിന് കീഴിലുള്ള വാക മസ്ജിദ് മുതൽ റെയിൽവേ വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമാകാറുള്ളത് . മുരളി പെരുന്നെല്ലി എം. എൽ. എയുടെ നിർദ്ദേശത്തെതുടർന്ന് ഈ ഭാഗം രണ്ടടിയോളം ഉയർത്തിയാണ് വെള്ളക്കെട്ടിന് പരിഹാരം കാണുന്നത് . 72 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത് .



സൗകര്യങ്ങളും സേവനങ്ങളുമില്ല , പേരിനുമാത്രം ഒരു കുടുംബക്ഷേമ ഉപകേന്ദ്രം

 വെങ്കിടങ്ങ് : തൊയക്കാവ് കുണ്ടഴിയൂരിലെ കുടുംബക്ഷേമ ഉപകേന്ദ്രം നോക്കുകുത്തിയാകുന്നു . ജീവിതശൈലീരോഗ നിർണയത്തിനോ . ഒരു മുറിവുകെട്ടുന്നതിനോ പോലും ഉപകേന്ദ്രം നാട്ടുകാർക്ക് പ്രയോജനപ്പെടുന്നില്ല . രോഗികൾ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചു പാടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയാൽ മാത്രമേ ചികിത്സ കിട്ടുകയുള്ളൂ . കെട്ടിടത്തിൽ വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടായിട്ടുപോലും സേവനങ്ങൾ ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി . 



അന്താരാഷ്ട്ര നിലവാരത്തിൽ മുല്ലശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ

മുല്ലശ്ശേരി: അന്താരാഷ്ട്ര നിലവാരത്തിൽ  തിളങ്ങി മുല്ലശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ .കെട്ടിടനിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ് . കിഫ്ബിയുടെ അഞ്ച് കോടിയും മുരളി പെരുന്നെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത് .ശാസ്ത്ര ലാബ് , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം തുടങ്ങി വൻ സജ്ജീകരണങ്ങളാണ് വിദ്യാർത്ഥികൾക്ക് ഒരുക്കിയിരിക്കുന്നത് .



ഇതെന്ത് റോഡാണ് , ഒരിടത്തു കുഴി , മറ്റിടത്ത് ചെളി , നടുവിൽ വെള്ളക്കെട്ടും


പെരിങ്ങോട്ടുകര : നാട്ടിലെ മിക്ക റോഡുകളും ഇപ്പോൾ തകർന്ന് തരിപ്പണമായ നിലയിലാണ് . ഇടക്ക് മഴ പെയ്യുന്നതോടെ കുഴിയിൽ വെള്ളവും ചെളിയും  നിറഞ്ഞുള്ള ദുരിതം വേറെ . ഗതാഗത കുരുക്കിനൊപ്പം കുണ്ടും കുഴിയും നോക്കി യാത്ര ചെയ്തില്ലെങ്കിൽ എപ്പോൾ അപകടത്തിൽപ്പെട്ടെന്ന്  ചോദിച്ചാൽ മതി . കുടിവെള്ള പദ്ധതിയിൽ തുടങ്ങിയ ദുരിതം ജനങ്ങൾക്ക്  യാത്ര ദുരിതവും സമ്മാനിച്ചുകൊണ്ട് അപകടങ്ങൾ തുടരുകയാണ് .


വഴിമുടക്കി മണ്ണും ചെളിയും , പാടത്തെത്താൻ ചുറ്റി വളഞ്ഞു കർഷകർ

വെങ്കിടങ്ങ് :കോൾച്ചാൽ ആഴം കൂട്ടുന്നതിൻറെ ഭാഗമായി മണ്ണെടുത്തപ്പപ്പോൾ കർഷകർക്ക് ആദ്യം ആശ്വാസമായിരുന്നു . പക്ഷേ ഇപ്പോൾ എടുത്ത മണ്ണ് കർഷകനുതന്നെ വിനയായിരിക്കുകയാണ് . കോരിയെടുത്ത ചെളിയും മണ്ണും ബണ്ട് റോഡിൽ കൂട്ടിയിരിക്കുന്നതുമൂലം കൃഷിയിടത്തിലേക്ക് കര്ഷകന് എത്താൻ കഴിയാത്ത സ്ഥിതിയാണ് .  വെങ്കിടങ്ങ് , അടാട്ട് , മുല്ലശ്ശേരി തുടങ്ങിയ മേഖലകളിലെ കോൾബണ്ടുകളിലെല്ലാം ഇതാണ് അവസ്ഥ .